ലോകത്തെ അമ്പരിപ്പിച്ച പ്രക്ഷോഭമാണ് നേപ്പാളിൽ നടന്നിരിക്കുന്നത്. ഒടുവിൽ യുവതയുടെ ഈ പ്രക്ഷോഭത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നേപ്പാൾ പ്രധാനമന്ത്രിക്ക് തന്നെ രാജിവച്ച് നാട് വിടേണ്ടിയും വന്നിരിക്കുകയാണ്. പാർലമെൻ്റ് മന്ദിരവും മന്ത്രി വസതികളും ഉൾപ്പെടെയാണ് പ്രക്ഷോഭകാരികൾ കത്തിച്ചിരിക്കുന്നത്.
നേപ്പാൾ സർക്കാരിനെ വീഴ്ത്തിയ ഈ വൻ പ്രക്ഷോഭത്തിന്റെ പ്രധാന മുഖമാണ് സാമൂഹിക പ്രവർത്തകനായ സുദൻ ഗുരുങ്. 36 വയസ്സ് മാത്രമുള്ള സുദൻ നേതൃത്വം നൽകിയ പ്രക്ഷോഭമാണ് നേപ്പാൾ സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുന്നത്. സുദൻ ഗുരുങിന്റെ നേതൃപാടവത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി കെ.പി ശർമ ഒലിയ്ക്കും മന്ത്രിമാർക്കും രാജിവയ്ക്കേണ്ടി വന്നത് നേപ്പാളിനെ സംബന്ധിച്ച് എന്തായാലും പുതിയ ചരിത്രമാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ 2015 ലെ ഭൂകമ്പത്തിന് ശേഷം രൂപീകരിച്ച യുവാക്കളുടെ എൻജിഒ ആയ ഹാമി നേപ്പാളിന്റെ പ്രസിഡന്റായ സുദൻ ഗുരുങ് ഇതോടെ വീര പുരുഷനായി മാറിയിരിക്കുകയാണ്.