ന്യൂഡൽഹി : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ ഇന്ത്യ പുതിയ ചില കരാറുകളും നടപടികളും ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയുമായുള്ള വ്യാപാര സഹകരണം വർദ്ധിപ്പിക്കാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഫാർമ മേഖലയിൽ വ്യാപാരം വർദ്ധിപ്പിക്കും. ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്നുകൾ കയറ്റി അയച്ച് പിന്നീട് അവിടെ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുക എന്നുള്ളതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി ഇന്ത്യയും യുഎഇയും സ്വീകരിച്ചിട്ടുള്ള മറ്റൊരു സുപ്രധാന തീരുമാനം ട്രംപ് സർക്കാരിന് കനത്ത തിരിച്ചടി നൽകുന്നതാണ്. ഫാർമ വ്യാപാരം വർദ്ധിപ്പിക്കുമ്പോൾ ധനവിനിമയം ഡോളറിൽ വേണ്ട എന്നാണ് മോദി സർക്കാർ തീരുമാനിച്ചിട്ടുള്ളത്. രൂപയിലും ദിർഹത്തിലും വ്യാപാരം നടത്താൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ‘ലോകത്തിന്റെ ഫാർമസി’ എന്നറിയപ്പെടുന്ന രാജ്യമായ ഇന്ത്യ ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയയ്ക്കുന്നുണ്ട്. ഈ വ്യാപാരം യുഎഇ വഴിയാക്കി കൂടുതൽ ശക്തിപ്പെടുത്താനാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.