ചെന്നൈ: പ്രസിദ്ധ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മീന ബിജെപിയിലേക്കെന്ന് സൂചന. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി മീന കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആയിരുന്നു മീന ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മീന പങ്കുവച്ച പോസ്റ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജിയോടൊപ്പം എന്ന് തുടങ്ങുന്ന കുറിപ്പില്‍ കൂടിക്കാഴ്ച ഏറെ അഭിമാനം നല്‍കുന്നതാണ് എന്ന് വ്യക്തമാക്കുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് തന്റെ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാണ് കുറിപ്പ്.
ഇതിന് പിന്നാലെയാണ് സംഘടനാ തലത്തില്‍ തമിഴ്‌നാട്ടില്‍ നടക്കാനിക്കുന്ന അഴിച്ചുപണിയില്‍ മീനയ്ക്കും സുപ്രധാന പദവി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മീനയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ എത്തുമെന്ന മറുപടിയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ നല്‍കിയത്. മീനയെ ബിജെപിയിലെത്തിക്കാന്‍ ശക്തമായ നീകക്കങ്ങള്‍ നടത്തിയത് സുരേഷ് ഗോപിയാണെന്ന് സൂചനയുണ്ട്.