കെയ്റോ : ഗാസയിൽ പൂർണ്ണ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഈജിപ്തിൽ നടക്കുന്ന ഷാം-ഇൽ-ഷെയ്ക്ക് ഗാസ സമാധാന ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക ക്ഷണം. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ സഹഅധ്യക്ഷതയിൽ ആയിരിക്കും ഈജിപ്തിൽ യോഗം നടക്കുക. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കരാറിന് അന്തിമരൂപം നൽകുന്നത് ലക്ഷ്യമിട്ടാണ് ഗാസ സമാധാന ഉച്ചകോടി നടത്തുന്നത്.
ഗാസ സമാധാന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആണ് പ്രത്യേക ക്ഷണക്കത്ത് നൽകിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രസിഡന്റ് എൽ-സിസിയും ചേർന്ന് അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും പങ്കെടുക്കും.