നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 7787 പുതിയ വോട്ടര്‍മാര്‍; വനമേഖലയില്‍ മൂന്ന് ബൂത്തുകള്‍

നിലമ്പൂര്‍: ആരവങ്ങളൊക്കെ അവസാനിച്ച് നിലമ്പൂരിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരുണ്ട്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. വനത്തിനുള്ളില്‍ ആദിവാസി ഉന്നതികള്‍ നില്‍ക്കുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 14 പ്രശ്‌ന സാധ്യത ബൂത്തുകളാണുള്ളത്.

നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൈപ്പത്തി ചിഹ്നത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. കത്രിക അടയാളത്തില്‍ പി വി അന്‍വര്‍ മത്സരിക്കുമ്പോള്‍ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്. ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഇടതുസ്വതന്ത്രനായി നിലമ്പൂരില്‍ ജയിച്ച പി വി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെ തോല്‍പ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.