രഞ്ജിതാ നായരുടെ സ്വപ്‌നങ്ങളാണ് വിമാനദുരന്തം തകര്‍ത്തത്; രഞ്ജിതയില്ലാത്ത ആ വീട് അനാഥമായി തേങ്ങുന്നു

പത്തനംതിട്ട: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം തീരത്തടുത്തിരിക്കയാണ് രഞ്ജിതാ നായരുടെ പ്രാണന്‍ വിമാന ദുരന്തം തട്ടിയെടുത്തത്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത നായര്‍ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ ജന്മ നേട് തേങ്ങുകയാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.

പുല്ലാട്ടെ കുടുംബവീടിന് സമീപം രഞ്ജിത സ്വന്തമായി പണിയുന്ന വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മാസത്തില്‍ വീട്ടില്‍ കയറി താമസിക്കാമെന്ന തീരുമാനത്തിലായിരുന്നു രഞ്ജിത എന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിനിടയില്‍ നാട്ടില്‍ സര്‍ക്കാര്‍ ജോലി കൂടി കിട്ടിയതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു രഞ്ജിത. രഞ്ജിതയുടെ അമ്മയ്‌ക്കൊപ്പം നാട്ടിലാണ് ഇവരുടെ രണ്ട് മക്കളുള്ളത്.
നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വര്‍ഷം മുമ്പാണ് ലണ്ടനിലേയ്ക്ക് ജോലിക്കായി പോയത്. രോഗബാധിതയായ അമ്മയുടെ ചികിത്സ ഉള്‍പ്പെടെ കുടുംബത്തിന്റെ സംരക്ഷണ ചുമതലയും രഞ്ജിതയാണ് വഹിച്ചിരുന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രാ പട്ടികയില്‍ മലയാളിയായ രഞ്ജിത നായരുടെ പേരുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് ഇവര്‍ അപകടത്തില്‍ മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ഔദ്യോഗികമായി ലഭിക്കുകയായിരുന്നു. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പത്തനംതിട്ട പുല്ലാട്ട് സ്വദേശിയായ രഞ്ജിത. കുട്ടികള്‍ക്കൊപ്പം രഞ്ജിതയില്ലാത്ത അവള്‍ നിര്‍മ്മിച്ച പുതിയ വീടും അനാഥമായി.

© 2025 Live Kerala News. All Rights Reserved.