ഭര്‍ത്താവിനെ വെടിവെച്ചുകൊന്ന കേസില്‍ കാമുകനൊപ്പം പിടിയിലായ മിനി നമ്പ്യാര്‍ക്ക് ജാമ്യം; ബിജെപി നേതാവായ മിനി നമ്പ്യാരുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ കാമുകന്‍ സന്തോഷ് കൊലപ്പെടുത്തിയെന്നാണ് കേസ്

കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി നേതാവുമായ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ഇന്നലെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മിനി നമ്പ്യാര്‍. . മിനിയുടെ കാമുകനായ സന്തോഷ് ഭര്‍ത്താവ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നു എന്നതാണ് കേസ്. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. മിനി കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും മിനിക്കും രണ്ട് മക്കളുണ്ട്.

ഇരുവരും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികള്‍ കരുതിയിരുന്നത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പൊലീസ് ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടുകയായിരുന്നു. പിന്നീട് മിനിയും പിടിയിലായി. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

© 2025 Live Kerala News. All Rights Reserved.