കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈന്‍ ടവര്‍ ചെരിഞ്ഞങ്കിലും വന്‍ ദുരന്തം ഒഴിലായി. ലൈന്‍ ടവര്‍ നിലംപൊത്താതിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വെള്ളക്കെട്ടില്‍ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടര്‍ന്നാല്‍ ടവര്‍ പൂര്‍ണമായും വീഴുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലില്‍ സുബിന്റെ 300 ലധികം വാഴ കാറ്റില്‍ നിലം പതിച്ചു. കോഴിക്കോട് കണ്ണാടിക്കലില്‍ വീടിന് മുകളില്‍ മരം വീണു. കണ്ണാടിക്കല്‍ തുളസീധരന്‍ എന്നയാളുടെ വീട്ടിലേക്കാണ് മരം വീണത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍ ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകളായി.
സംസ്ഥാനത്ത് മഴ കനക്കുന്നു സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ഇത്തവണ എട്ടുദിവസം മുമ്പ് നേരത്തെയെത്തിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.