തൃശൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണംകൂടി. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മലക്കപ്പാറ സ്വദേശിനി മേരി(75)യാണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തെത്തുടര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മേരി ഇറങ്ങി പുറത്തേക്ക് ഓടി. ഇതിനിടെ പിന്തുടര്‍ന്നെത്തിയ കാട്ടാന മേരിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. മേരിയും മകളും മാത്രമാണ് കാട്ടാന ആക്രമിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.