ലണ്ടന്‍: ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിന് താക്കീതുമായി ബ്രിട്ടനും. ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ബ്രിട്ടന്‍ നിര്‍ത്തിവെച്ചു.ഗാസയിലെ സൈനിക നടപടി നിര്‍ത്തണമെന്നാണ് ബ്രിട്ടന്റെം ആവശ്യം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നികൃഷ്ടമായ നയം തുടരുന്ന ഇസ്രായേലുമായി സഹകരിക്കാനാകില്ലെന്ന് യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ അനധികൃതമായി ഇസ്രയേല്‍ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഇസ്രായേലുമായുള്ള യുകെയുടെ വ്യാപാര കരാര്‍ ഇപ്പോഴും നിലവിലുണ്ട്. എന്നാല്‍ ഗാസയില്‍ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രയേലി സര്‍ക്കാരുമായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേല്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും ന്യായീകരിക്കാന്‍ കഴിയാത്തതുമായ ഒന്നാണെന്നും ലാമി കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ആക്രമണം ഇനിയും തുടര്‍ന്നാല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുകെ, ഫ്രാന്‍സ്, കാനഡ അടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നടപടി സ്വീകരിച്ചിരിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടിയുമായി ബ്രിട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്.