കേണല്‍ സോഫിയ ഖുറേശിയെ ഭീകരവാദികളുടെ സഹോദരിയെന്ന് ആക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ അന്വേഷണം; സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിജയ് ഷായ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേശിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വര്‍ഗീയപരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് കഴിഞ്ഞു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്‌ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ് പി എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമര്‍ശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

‘അംഗീകരിക്കാനാകാത്ത പരാമര്‍ശമാണ് വിജയ് ഷാ നടത്തിയത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം. സൈന്യത്തെ സംബന്ധിച്ച് പരാമര്‍ശം പ്രധാനമാണ്. ഉത്തരവാദിത്തത്തോടെ പെരുമാറണം’ എന്നും സുപ്രിംകോടതി വിജയ് ഷായെ ഓര്‍മിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയാണ് മന്ത്രി എന്നോര്‍ക്കണമെന്നും രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ അറസ്റ്റ് തത്കാലത്തേക്ക് തടയുകയും ചെയ്തതു. എന്നാല്‍ അന്വേഷണത്തിന് തടയിട്ടിരുന്നില്ല.

© 2025 Live Kerala News. All Rights Reserved.