കെപിസിസി അധ്യക്ഷ സ്ഥാനം പോകാന്‍ കാരണം ചില നേതാക്കളെന്ന് കെ സുധാകരന്‍; യാത്ര അയപ്പുപോലും ലഭിച്ചില്ല; തനിക്ക് താല്‍പര്യവുമില്ലെന്ന് തുറന്നടിച്ച് സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സ്ഥാനം ഒഴിഞ്ഞപ്പോള്‍ യാത്രയയപ്പ് ഒന്നും കിട്ടിയില്ല. യാത്രയയപ്പ് നമ്മള്‍ വാങ്ങിയിട്ടുമില്ലല്ലോ. പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു. അതുകൊണ്ട് അങ്ങനെ ഒരു ആഘോഷം ഒന്നും ഉണ്ടായില്ല. യാത്രയയപ്പില്‍ എനിക്ക് താത്പര്യവുമില്ല. അത് വലിയൊരു ആഘോഷമാക്കി മാറ്റുന്നതിന് പകരം ലളിതമായ ചടങ്ങാണ് എനിക്ക് ഇഷ്ടം. പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് നേതൃത്വവുമായി ഞാന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ നിങ്ങളെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ല’ കെ സുധാകരന്‍ പറഞ്ഞു.

‘അതുകൊണ്ട് എന്നെ മാറ്റില്ല എന്നാണ് ധരിച്ചത്. അതുകൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. പിന്നീട് മാറി. മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ല. എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാന്‍ പോയിട്ടില്ല.പറയാന്‍ അവര്‍ വന്നിട്ടുമില്ല. തന്നെ മാറ്റുവാന്‍ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. തന്നെ മാറ്റിയത് പാര്‍ട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാര്‍ട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്’ കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

© 2025 Live Kerala News. All Rights Reserved.