ക്വറ്റ:പാകിസ്ഥാന് എതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളില്‍ പിന്തുണയറിയിച്ച് ബലൂച് ലിബറേഷന്‍ ആര്‍മി. ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ബിഎല്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട. ആ കാലമൊക്കെ കടന്നുപോയെന്നും ബലൂച് ലിബറേഷന്‍ ആര്‍മി പറഞ്ഞു. ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം പരമാവധി ഉപയോഗിച്ച് പാകിസ്ഥാന്‍ ആര്‍മിക്ക് നേരെ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ ആഴ്ച ബിഎല്‍എ നടത്തിയത്. പാകിസ്ഥാനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബിഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നു. സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്ഥാന്‍ പറയുന്നത് വിശ്വസിക്കരുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയുമാണ്.
പാകിസ്ഥാന്‍ ആര്‍മി സൈറ്റുകളും ഇന്റലിജന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യം വച്ച് തങ്ങള്‍ 71 ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബിഎല്‍എയുടെ അവകാശവാദം. ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂര്‍ണമായി തള്ളുന്ന ബിഎല്‍എ തങ്ങള്‍ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ബിഎല്‍എ ഒരു വിദേശരാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ലെന്നും നിശബ്ദ കാഴചക്കാരല്ലെന്നുമാണ് അവര്‍ വാദിക്കുന്നത്. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ തങ്ങള്‍ പാകിസ്ഥാനെ ആക്രമിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ബലൂചികളുടെ നിലപാട്.