ആള്‍ക്കൂട്ട കൊല; വയനാട് സ്വദേശിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായി; മാനസിക അസ്വാസ്ഥ്യമുള്ള അഷ്‌റഫിനെ കൊലപ്പെടുത്തിയത് 20ലധികം വരുന്ന ആള്‍ക്കൂട്ടം

മംഗളൂരു: ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു.

ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. ഉഡുപ്പു സ്വദേശി സച്ചിനുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്‌റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

© 2025 Live Kerala News. All Rights Reserved.