പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവും നേര്‍ക്കുനേര്‍; സൈന്യത്തിന് നേരെ വെടിയുതിര്‍ത്തശേഷം നാലിടത്ത് നിന്ന് ഭീകരര്‍ രക്ഷപ്പെട്ടു; ഭീകരര്‍ തമ്പടിച്ച സ്ഥലം സൈന്യം കണ്ടെത്തിയതായി വിവരം

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ തമ്പടിച്ച സ്ഥലം സൈന്യം കണ്ടെത്തിയതായി വിവരം. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം നാല് തവണ സൈന്യവും ഭീകരരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വെടിവെപ്പുണ്ടായി. അഞ്ചുദിവസത്തിനിടെയാണ് നാലു സ്ഥലങ്ങളില്‍ വെച്ച് സുരക്ഷാസേന ഭീകരര്‍ക്ക് സമീപമെത്തിയത്. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഒരിടത്തു വെച്ചാണ് ച്ച് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന സ്ഥിരീകരിച്ചു.

അനന്ത്‌നാഗ് ജില്ലയിലെ ഹാപാത്‌നാര്‍ ഗ്രാമത്തില്‍ വെച്ചാണ് സുരക്ഷാസേന ആദ്യം ഭീകരരുടെ സമീപമെത്തുന്നത്. രണ്ടാമതായി കുല്‍ഗാം വനമേഖലയില്‍ വെച്ചും സൈന്യം ഭീകരര്‍ക്ക് സമീപമെത്തി. ഇവിടെ വെച്ച് സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരരര്‍ രക്ഷപ്പെടുകയായിരുന്നു. മൂന്നാമതായി ത്രാല്‍ മലനിരകളില്‍ വെച്ചും സേന ഭീകരര്‍ക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാലാമതായി കൊക്കെമാഗ് മേഖലയില്‍ വെച്ചാണ് സുരക്ഷാ സേന വീണ്ടും ഭീകരര്‍ക്ക് സമീപമെത്തുന്നത്. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരരെ കണ്ടെത്താനായി മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.