ഗവര്‍ണര്‍മാരുടെ രാഷ്ട്രീയം കളി ഇനി നടക്കില്ല; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; തമിഴനോട് ഏറ്റുമുട്ടിയ ഗവര്‍ണര്‍ക്ക് മുട്ടന്‍ പണി

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുകാലങ്ങളായി ഗവര്‍ണര്‍മാര്‍ നന്നായി രാഷ്ട്രീയം കളിക്കുന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ആരിഫ് മുഹമദ് ഖാനൊക്കെ കേരളത്തില്‍ അങ്ങനെ രാഷ്ട്രീയം കളിച്ച് മടങ്ങിയ ആളാണ്. എന്നാല്‍ കേരളം പലപ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കുമ്പോഴും തമിഴ്‌നാട് മിണ്ടാതിരിക്കാറില്ല. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച. തമിഴ്‌നാട് സുപ്രീംകോടതിയില്‍ പോയി. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് സുപ്രീംകോടതി തടയിട്ടു. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്കും കോടതി അംഗീകാരം നല്‍കുകയും ചെയ്തു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി വിധി പറഞ്ഞത്. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്.അതില്‍ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാനസര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുമായി പരസ്യമായ ഏറ്റുമുട്ടലാണ് പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണാനുള്ളത്.

© 2025 Live Kerala News. All Rights Reserved.