കൊച്ചി: ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് രോഷാകുലനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നിങ്ങളാരാ… ആരോടാണ് ചോദിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമങ്ങള്‍ എന്നാല്‍ ആരാ… ഇവിടുത്തെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. ഏതാ ചാനല്‍?’, കൈരളിയാണെന്ന് പറഞ്ഞപ്പോള്‍ ‘ആ ബെസ്റ്റ്’ എന്നായിരുന്നു പ്രതികരണം. ജബല്‍പ്പൂരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതാണല്ലോ പറയേണ്ടതെന്ന പ്രതികരണത്തിന്, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ: കേരളത്തിലെ എംപിമാര്‍ പറഞ്ഞതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. രാഷ്ട്രീയമൊന്നുമില്ലാത്ത, നല്ല ബുദ്ധിയുള്ള, കുത്തിത്തിരിപ്പുകളൊന്നുമില്ലാത്ത വിചക്ഷണന്മാരോട് പോയി ചോദിക്കൂ, എംപിമാര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന്. ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ വേണ്ടി ഇപ്പോഴും… മുസ്ലിങ്ങള്‍ക്ക് ഇതെല്ലാം കുഴപ്പമാണ് എന്ന ദുഷ്പ്രചരണമല്ലേ പാര്‍ലമെന്റില്‍ നടത്തിയത് എന്നും സുരേഷ് ഗോപി ചോദിച്ചു.
വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനുള്ള നടപടിയാണ് ബില്ലെന്നും സുരേഷ് ഗോപി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. നന്മയുള്ള സ്ഥാപനമാണത്. എന്നാല്‍ നന്മയുള്ള സ്ഥാപനത്തിലെ അപാകതകള്‍, കിരാതമായ രൂപത്തിലേക്ക് മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അങ്ങനെ സംഭവിക്കാതിരിക്കാനും, ആ സമുദായത്തിലുള്ളവര്‍ക്കു പോലും ദോഷകരമായി മാറാതിരിക്കാതിരിക്കാനുള്ള നിയമ മാറ്റമാണ് നടന്നിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.
മുന്‍കാല പ്രാബല്യമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ പാര്‍ലമെന്റിനും അപ്പുറം വല്ലതും കാണുന്നുണ്ടോയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. അതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ട, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം. കേരള സര്‍ക്കാര്‍ ഇനി എന്തു ചെയ്യും. കേരള സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചില്ലേ. ആ കമ്മീഷന്‍ ഇപ്പോള്‍ എവിടെയാണ്?. എന്താണ് മലപ്പുറത്തു നിന്നും വന്ന് വാഗ്ദാനം കൊടുത്തു പോയത്. വടക്കന്‍ പറവൂരില്‍ നിന്നും വന്ന് വാഗ്ദാനം കൊടുത്തു പോയത് ഒക്കെ എവിടെയാണ്. വാഗ്ദാനം ചെയ്തുപോയവര്‍ വലിയ സ്ഥാപനങ്ങളാണെന്നാണോ ധരിച്ചു വെച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.