വഖഫ് ബില്ലില്‍ ഇരട്ടത്തോണിയില്‍ കാലിട്ട് ജോസ് കെ മാണി; ബില്ലിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നെന്ന് ജോസ്; കേരളത്തിലെ എംപിമാരോട് സഹതാപമുണ്ടെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം: വഖഫ് ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടില്ലാതെ നാണംകെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ്. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അതേസമയം ബില്ലിനെ പൊതുവില്‍ എതിര്‍ക്കുന്നുവെന്നും ജോസ് കെ മാണി മലക്കം മറിഞ്ഞു.

വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ് എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം വഖഫ് ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പറഞ്ഞു. ബില്‍ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കണം. വഖഫ് ഭേദഗതി ബില്ലിന് നല്‍കിയ പിന്തുണയില്‍ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, വഖഫ് ബില്ലിനെതിരെ വോട്ടു ചെയ്ത എംപിമാരോട് സഹതാപമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.