കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; ഈഴവ സമുദായക്കാരന്‍ ബാലു രാജിവെച്ചു; നിയമനം വിവാദമാക്കിയത് തന്ത്രിമാരും വാര്യര്‍ സമാജവും

തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ട കഴകക്കാരന്‍ ബാലു രാജിവെച്ചു. ഇന്നലെ ദേവസ്വം ഓഫീസില്‍ എത്തിയാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണത്താല്‍ രാജിവെക്കുന്നുഎന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കഴകം ജോലിയില്‍ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.അതിനുശേഷം ബാലു അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ രംഗത്തെത്തി. കഴകത്തില്‍ ജോലിക്ക് നിയമിച്ച ഒരാള്‍ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നായിരുന്നു മുന്‍ ദേവസ്വം മന്ത്രിയും ലോക്‌സഭാ അംഗവുമായ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. വിഷയം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

ഇനി കഴകം തസ്തികയിലേക്ക് ഇല്ലെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടെന്നും ബാലുവും പറഞ്ഞിരുന്നു. ക്ഷേത്രങ്ങളിലെ സവര്‍ണമേധാവിത്വത്തിന്റെ ഇരയാവകുകയായിരുന്നു യഥാര്‍ഥത്തില്‍ ബാലു. ജാതി അജണ്ട ആരാധനാലയങ്ങളെപ്പോലും മലിനമാക്കുതിന്റെ ഉദാഹരണമായി ഈ സംഭവത്തെ വിലയിരുത്തുന്നു.

© 2025 Live Kerala News. All Rights Reserved.