ലപ്പുറം: മത പഠനം നടത്തിയവരാണ് ലഹരി ഇടപാടില്‍ മുന്‍പന്തിയിലെന്ന മുന്‍മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല ഇത്. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണണം. അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ല. ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നാണ് സമസ്തയുടെ അഭിപ്രായം.
മതപഠനമോ മത വിദ്യാഭ്യാസമോ ലഭിക്കാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മികബോധം പോലും മുസ്ലിം സമുദായത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നില്ലെന്ന് മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌കൂളുകളിലും കോളജുകളിലും അച്ചടക്കം പുലര്‍ത്തുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലും മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെ ടി ജലീല്‍ രംഗത്തുവന്നു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിശകുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.
അഞ്ചാറ് മാസത്തിനിടയില്‍ മലബാറില്‍ നടന്ന മയക്ക് മരുന്നു കേസുകളില്‍ പിടിക്കപ്പെട്ട 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു. അതില്‍ 61% വും മുസ്ലിം പേരുള്ളവരാണ്. ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന മുസ്ലിം പേരുള്ള പ്രതികളില്‍ 99 ശതമാനവും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികള്‍ ഒത്തു ചേര്‍ന്ന ഒരു യോഗത്തില്‍ തീര്‍ത്തും സദുദ്ദേശത്തോടെ ചില കാര്യങ്ങള്‍ ഉണര്‍ത്തിയതെന്ന് ജലീല്‍ പറയുന്നു. തന്റെ നിരീക്ഷണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.