കേരളത്തില്‍ പ്രചാരണ ചുമതല പ്രിയങ്കാ ഗാന്ധിക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ ആലോചന; വിഭാഗീയത പരിഹരിക്കാന്‍ ഫോര്‍മുലയുമായി കനഗൊലു

തിരുവനന്തപുരം: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്കാ ഗാന്ധി എംപി നയിക്കും.
സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രിയങ്കാഗാന്ധിയെ അറിയിച്ചിട്ടുണ്ട്. വിഭാഗീയത മറികടക്കാനുള്ള കനഗൊലു ഫോര്‍മുല പരീക്ഷിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഏറെ പ്രാധാന്യത്തോടെയാണ് ഹൈക്കമാന്‍ഡ് നോക്കി കാണുന്നത്. വീണ്ടും തോല്‍വി വഴങ്ങുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

നിര്‍ണായക തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയും ഉള്‍പ്പോരും ദേശീയനേതൃത്വത്തെ ഏറെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വയനാട് എംപി പ്രിയങ്കാഗാന്ധിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്. പ്രചാരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഈ കമ്മിറ്റിയാകും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞമാസം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ ദിപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു. കേരള നേതാക്കളായ കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരെല്ലാം വിരുദ്ധ ധ്രുവങ്ങളില്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രമല്ല, മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കും. യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നും മുന്നണി ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരരംഗത്തിറക്കിനാണ് ആലോചന. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, മുന്‍മന്ത്രി എന്‍ ശക്തന്‍ തുടങ്ങിയവരെ രംഗത്തിറക്കാനാണ് ആലോചന. തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളിയെ കളത്തിലിറക്കുമെന്ന് ജില്ലയില്‍ കോണ്‍ഗ്രസിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍.

തൃശൂര്‍ ജില്ലയില്‍ വി എം സുധീരന്‍, തിരുവനന്തപുരത്ത് എന്‍ ശക്തന്‍, കെ മുരളീധരന്‍ തുടങ്ങിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. ശക്തന്‍ വീണ്ടും മത്സരിച്ചാല്‍ കഴിഞ്ഞ തവണ നഷ്ടമായ നാടാര്‍ വോട്ടുകള്‍ തിരിച്ചുപിടിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍. സീനിയര്‍ നേതാക്കള്‍ക്ക് പുറമെ ജനസമ്മതിയുള്ള നേതാക്കളെയും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ട്. യുവജനങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം നല്‍കാനും തീരുമാനിക്കും.

© 2025 Live Kerala News. All Rights Reserved.