കൊച്ചി: ഇടുക്കി പരുന്തുംപാറയില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം ‘കുരിശ്’ റിസോര്‍ട്ടിന് തിരിച്ചടിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
പരുന്തുംപാറയില്‍ വ്യാപകമായ തോതില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ഐജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുത്. നിര്‍മാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ പ്രദേശത്തേക്ക് കയറ്റിവിടരുത്. ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
വലിയ കെട്ടിടങ്ങളും ഈ മേഖലയില്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്നാര്‍ മേഖലയിലേക്കാള്‍ വലിയ കയ്യേറ്റമാണ് പരുന്തുംപാറ മേഖലയില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാര്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്‌നവും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നല്‍കി.
കേസില്‍ പീരുമേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ കക്ഷി ചേര്‍ത്തു. പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കയ്യേറ്റക്കാരെയും കേസില്‍ കക്ഷി ചേര്‍ക്കും.പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് സജിത് ജോസഫാണ്. വിവാദമായപ്പോള്‍ ഇയാളിവിടെ കുരിശ് സ്ഥാപിക്കുകയായിരുന്നു.