തൊടുപുഴ: ഇടുക്കി ജില്ലയിലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് സ്ഥാപിച്ച സംഭവത്തില്‍ റവന്യു വകുപ്പ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രേഖകള്‍ പരിശോധിക്കുന്നത്.
കയ്യേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സര്‍വേ നമ്പര്‍ 441ലേയും പീരുമേട് വില്ലേജിലെ സര്‍വേ നമ്പര്‍ 534ലേയും രേഖകള്‍ വിശദമായി പരിശോധിക്കും. മേഖലയില്‍ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയില്‍ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി അറിയിച്ചിട്ടുണ്ട്.
ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ല കലക്ടര്‍ പീരുമേട് എല്‍ ആര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന നടത്താനും നിര്‍ദ്ദേശവും നല്‍കി. ഇത് പ്രകാരം പുരുന്തുംപാറയില്‍ കൈയേറ്റ നടത്തി കെട്ടിടങ്ങള്‍ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്നാണ് കയ്യേറ്റ ഭൂമിയില്‍ ഇയാള്‍ കുരിശ് സ്ഥാപിച്ചത്. 2017 ല്‍ സൂര്യനെല്ലിയിലും ഇത്തരത്തില്‍ കൈയേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.