മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചു; ഉഷ്ണം കടുത്തു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചതായി ദുരന്തനിവാരണ അതോറിറ്റി. 14 ജില്ലകളിലും സ്ഥാപിച്ച അള്‍ട്രാവയലറ്റ് മീറ്ററുകളില്‍ നിന്നു ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്. ജ്വലിച്ച് നില്‍ക്കുന്ന സൂര്യരശ്മിയില്‍ നിന്നാണ് അള്‍ട്രാവയലറ്റ് പുറത്തെത്തുന്നത്.

ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച സൂചിക അനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളില്‍ സൂചിക എട്ടാണ്. അതായത് അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതിയാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ഇന്നലെ ഏഴാണ് രേഖപ്പെടുത്തിയത്. തൃത്താലയില്‍ ആറും.

സൂചിക എട്ട് മുതല്‍ 10 വരെയാണെങ്കില്‍ ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കുന്നത്. 11നു മുകളിലാണ് ഏറ്റവും ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പായിരിക്കും അപ്പോള്‍. ആറ് മുതല്‍ ഏഴ് വരെ മഞ്ഞ മുന്നറിയിപ്പാണ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

മുന്നറിയിപ്പ്

അള്‍ട്രാവയലറ്റ് വികിരണം കൂടുതല്‍ ഏല്‍ക്കുന്നത് ചര്‍മത്തില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം

സൂര്യാഘാതം, ചര്‍മ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍ക്കു കാരണമാകും

തൊപ്പി, കുട, സണ്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കണം

ശരീരം മുഴുവന്‍ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങള്‍ പരമാവധി ധരിക്കുക

© 2025 Live Kerala News. All Rights Reserved.