മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ്‌ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം മുംബൈയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെയുംകൊണ്ട് പൊലീസ് നാട്ടിലേക്ക് തിരിച്ചു. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചതായും ഉച്ചയോടെ തിരൂരില്‍ എത്തും.
കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടു പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍നിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുംബൈ പൊലീസും ആര്‍പിഎഫും മുംബൈ മലയാളി സമാജവും അന്വേഷണത്തില്‍ സഹായിച്ചെന്നു ആര്‍ വിശ്വനാഥ് പറഞ്ഞു.
ബുധനാഴ്ച രാവിലെ പരീക്ഷയ്‌ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനികള്‍. പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നു സ്‌കൂളില്‍ നിന്നറിഞ്ഞ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. മുംബൈ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലെ യാത്രയ്ക്കിടെ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെ പൂനെയ്ക്കടുത്തു ലോണാവാലയില്‍ വച്ചാണു കുട്ടികള്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായത്. തുടര്‍ന്നു പൂനെയില്‍ ഇറക്കുകയും മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കെയര്‍ ഹോമില്‍ എത്തിക്കുകയും ചെയ്തു.
രാവിലെ 11നു താനൂര്‍ പൊലീസ് അവിടെയെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഏറ്റെടുക്കുകയായിരുന്നു.വ്യാഴാഴ്ച പന്‍വേലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനികള്‍ ലോക്കല്‍ ട്രെയിനില്‍ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലില്‍ എത്തി. സമീപത്തെ, മലയാളിയുടെ ബ്യൂട്ടി പാര്‍ലറില്‍ മുടിവെട്ടി. ലോക്കല്‍ ട്രെയിനില്‍ പന്‍വേലില്‍ വിദ്യാര്‍ഥിനികള്‍ എത്തുമെന്ന വിവരം മനസ്സിലാക്കി കഴിഞ്ഞദിവസം പൊലീസും മലയാളി സമാജം പ്രവര്‍ത്തകരും ഇവര്‍ക്കായി കാത്തുനിന്നെങ്കിലും പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പുണെ ദിശയിലേക്കു കാണിക്കാന്‍ തുടങ്ങിയതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.