കൊല്ലം: പാര്‍ട്ടി നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ടന്നും അധികാരമുപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വരുതിയിലാക്കിയിട്ടുണ്ടെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. റിയല്‍ എസ്റ്റേറ്റ്-ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുണ്ട്. തുടര്‍ച്ചയായി അധികാരം ലഭിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്. ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
‘തുടര്‍ച്ചയായി അധികാരം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയ അധികാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപെടുന്ന പ്രവണത നേരിട്ടും അല്ലാതെയും ഉണ്ട് എന്ന കാര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും പലയിടത്തുമുണ്ട്. പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പാലക്കാട് പ്ലീനം നേരത്തെ തന്നെ നിര്‍ദേശിച്ചതാണന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിഭാഗീയ പ്രവണതയുള്ള ഒരു കൂട്ടം സഖാക്കള്‍ ഉണ്ടെന്നും പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വിഭാഗീയതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ പരിശോധനകള്‍ അനിവാര്യമാണെന്നും സംസ്ഥാന സെന്ററില്‍ നിന്നുള്ള നേതാക്കള്‍ കീഴ്ഘടങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് രൂക്ഷവിമര്‍ശനം.