തൃശൂരില്‍ റയില്‍പാളത്തില്‍ ഇരുമ്പ് റാഡ് കൊണ്ടുവന്നിട്ടു; തമിഴ്‌നാട് സ്വദേശി പിടിയില്‍; ഒഴിവായത് വന്‍ അപകടം

തൃശൂര്‍: റെയില്‍ പാളത്തില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.

ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്‌സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയത്.

തുടര്‍ന്ന് ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പു റാഡ് കണ്ടെത്തിയത്. വലിയ ദുരന്തമാണ് ഒഴിഞ്ഞുപോയത്. കഴിഞ്ഞ ആഴ്ച്ച കൊല്ലത്ത് റയില്‍ പാളത്തില്‍ കോണ്‍ഗ്രീറ്റ് പോസ്റ്റ് കൊണ്ടിട്ട സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു.

© 2025 Live Kerala News. All Rights Reserved.