തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്. മൊഴിയില്‍ അടിമുടി വൈരുധ്യങ്ങളാണ്. കൊലപാതക കാരണം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക.
സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ തെളിവെടുപ്പ് നടത്തും. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പിതൃമാതാവ് സല്‍മാ ബീവി, അനുജന്‍ അഫ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പൊലീസ് നീക്കം. അഫാന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന സൂചനകള്‍. എന്നാല്‍ ഇത് തള്ളിയായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൂട്ടക്കൊല ചെയ്തതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്‌സാന്‍ കൊലപ്പെടുത്തിയത്.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നുവെന്നും അഫാന്‍ മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലുകളിലൂടെയേ സംഭവത്തിന്റെ ചുരുളഴിയുകയുള്ളൂ.