തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ കൂട്ടുകാരി ഫര്‍സാനയുടെ മാലയും പണയം വെച്ചിരുന്നു. മാല എടുത്തുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം മുക്കുപണ്ടം നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ കൃത്യമായ കണക്കുകള്‍ പൊലീസ് ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടുംബത്തിന് കടം നല്‍കിയവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കിയിരിക്കുകയാണ്.
അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 12 പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായിട്ടില്ല.
പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചു നിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ പലരും പണം നല്‍കാെതയുമായി. അര്‍ബുദരോഗബാധിതയായ അഫാന്റെ ഉമ്മ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് കൂട്ട ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചിരുന്നു. അമ്മൂമ്മയെ കൊലപ്പെടുത്തി എടുത്തുകൊണ്ടുപോയ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.
അഫാന്‍ 25 ലക്ഷം രൂപയുടെ കടക്കാരനായതെങ്ങനെയന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനൊരുങ്ങുകയാണ് പൊലീസ്.