തിരുവനന്തപുരം: 13കാരന്‍ മകനെ ഉള്‍പ്പെടെ ഉറ്റവരെ ഒരുനോക്കു കാണാന്‍ പോലുമാകാതെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം. ഇഖാമ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങി. ഏഴ് വര്‍ഷമായി റഹീം നാട്ടില്‍ വന്നിട്ട്.
സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം. അല്ലെങ്കില്‍ എംബസി വഴി, ലേബര്‍ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയില്‍ സമയമെടുക്കും. ഇതാണ് പ്രതിസന്ധി.
മൂന്ന് വര്‍ഷത്തോളം നീണ്ട അനധികൃത താമസത്തിന് വലിയ പിഴ കൊടുക്കേണ്ടി വരും. ഇത് എങ്ങനെയെങ്കിലും കണ്ടെത്താമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വര്‍ഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. 75 ലക്ഷത്തോളം ഇദ്ദേഹത്തിന് കടമുണ്ട്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു. പ്രവാസി സംഘടനകളുടെ ഇടപെടലിലാണ് ഇനി പ്രതീക്ഷ.