പാകിസ്ഥാനില്‍ ‘നിധി’ ഒളിഞ്ഞുകിടക്കുന്നു; 80,000 കോടിയുടെ സ്വര്‍ണ്ണശേഖരം കണ്ടെത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിന്ധു നദിയിലാണ് വന്‍തോതില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി പറയുന്നത്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് സ്വര്‍ണശേഖരം വലിയ നേട്ടമാകും. പാകിസ്ഥാന്‍ നാഷണല്‍ എഞ്ചിനീയറിങ് സര്‍വീസസ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിയുന്ന പാകിസ്താന്‍ വലിയ ആശ്വാസം പകരുന്നതാണ് സ്വര്‍ണ നിക്ഷേപമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ നിക്ഷേപം ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ പ്രാദേശിക ഖനന കരാറുകാര്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഇതോടെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ അനുമതിയില്ലാതെ ഖനനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്.

നിലവില്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് സ്വര്‍ണം കരുതല്‍ ശേഖരമായുള്ള രാജ്യം പാകിസ്ഥാനാണ്. ഫലപ്രദമായ രീതിയില്‍ ഖനനം നടത്തി സ്വര്‍ണ നിക്ഷേപം കൃത്യമായി വിനിയോഗിക്കാനായാല്‍ പാകിസ്താന്റെ കരുതല്‍ സ്വര്‍ണ ശേഖരം വന്‍ തോതില്‍ ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുവഴി പാകിസ്ഥാന്‍ സാമ്പത്തികമായി മുന്നേറ്റം നടത്തുമെന്നും വിദഗ്ധാഭിപ്രായമുണ്ട്.

© 2025 Live Kerala News. All Rights Reserved.