ഷഹബാസ് വധക്കേസിലെ പ്രതിയുടെ പിതാവിന് ടിപി കേസ് പ്രതിയുമായി ബന്ധം; ടി കെ രജീഷിനൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രം പുറത്ത്; ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയത് ഇയാളുടെ വീട്ടില്‍ നിന്ന്

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ പിതാവിന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായി ബന്ധമെന്ന് ആരോപണം. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണമിയര്‍ന്നിരിക്കുന്നത്. ഇയാള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നാണ് ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയതെന്നാണ് വിവരം.

പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍
പറയുന്നു. മുന്‍പ് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഇതേ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചിട്ടുണ്ട്. തന്റെ മകനെ കൊലപ്പെടുത്തിയ കേസിലും അവര്‍ രക്ഷപ്പെടുമെന്ന് ഭയപ്പെടുന്നതായും പിതാവ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മകനും തന്റെ മകനെ കൊലപ്പെടുത്തിയ കൂട്ടത്തിലുണ്ട്. അവന് പക്കാ ക്രിമിനല്‍ മൈന്‍ഡാണ്. എന്തും ചെയ്യാം എന്ന സ്‌റ്റേജിലേക്കാണ് പോകുന്നത്. രാഷ്ട്രീയമായും സ്വാധീനമുണ്ടെന്നും പിതാവ് പറഞ്ഞു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. ഷഹബാസ് കൊലക്കേസിലെ പ്രധാനിയായ വിദ്യാര്‍ഥിയുടെ പിതാവാണ് ടിപി ഘാതകന്റെ കൂടെ നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്.

© 2025 Live Kerala News. All Rights Reserved.