കൊച്ചി: സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടമായതായി നടന്‍ സലിംകുമാര്‍ പറഞ്ഞു. മീനുകളെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീന്‍ കുഞ്ഞുങ്ങളെ മുഴുവന്‍ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തില്‍ സലിംകുമാര്‍ പൊട്ടിത്തെറിച്ചു.
പൊക്കാളി മേഖലയിലെ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നാട്ടുകാരുടെ സഹകരണം വേണമെന്ന് സലിംകുമാര്‍ പറഞ്ഞു. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടന്‍ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകര്‍ഷകനെക്കാള്‍ അവകാശം പുറത്തു നിന്നുള്ളവര്‍ക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരില്‍ കുഴുപ്പിള്ളിയില്‍ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു സലിംകുമാര്‍. പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും കരുത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അതു മുന്‍നിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു