ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയുടെ ആശങ്കയോട് നാറ്റോ രാജ്യങ്ങള്‍ യോജിക്കുന്നു: റിപ്പോര്‍ട്ട്

ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആശങ്കകളോട് നാറ്റോ യോജിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യയെയും ചൈനയെയും നേരിടാന്‍ ആര്‍ട്ടിക്കില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ഡിപിഎ അറിയിച്ചു. നാറ്റോ അംഗരാജ്യമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്, എന്നാല്‍ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് അവിടെ നേരിട്ട് നിയന്ത്രിക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു.

ആര്‍ട്ടിക്കില്‍ ‘പ്രധാന’ സൈനിക വിന്യാസം ഉള്‍പ്പെടുന്ന ഒരു നിര്‍ദ്ദേശം തയ്യാറാക്കാന്‍ നാറ്റോയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി അമേരിക്കയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ”പിരിമുറുക്കം ലഘൂകരിക്കുക” എന്നതാണ് ലക്ഷ്യമെന്ന് നാറ്റോ രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ടിക് മേഖലയിലെ റഷ്യന്‍, ചൈനീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ സുരക്ഷാ ആശങ്കകള്‍ പോലെ നാറ്റോ രാജ്യങ്ങള്‍ക്കുണ്ടെന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയ്ക്കും ഡെന്‍മാര്‍ക്കിനും നിലവില്‍ ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യമുണ്ട്. ഡെന്മാര്‍ക്ക് ടെറിട്ടോറിയല്‍ തലസ്ഥാനമായ നൗക്കില്‍ ആര്‍ട്ടിക് കമാന്‍ഡ് നടത്തുന്നു. ഇതിനൊപ്പം അമേരിക്ക പിറ്റൂഫിക് ബഹിരാകാശ താവളം പ്രവര്‍ത്തിപ്പിച്ച് വരുന്നു. മിസൈല്‍ പ്രതിരോധം, മുന്‍കൂര്‍ മുന്നറിയിപ്പ്, ബഹിരാകാശ നിരീക്ഷണം എന്നിവയിലാണ് അമേരിക്ക ഗ്രീന്‍ലാന്‍ഡ് ചേന്ദ്രീകരിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

© 2025 Live Kerala News. All Rights Reserved.