മരിച്ചവർക്കും മുടങ്ങാതെ പെൻഷൻ: കണ്ണൂർ കോര്‍പ്പറേഷൻ പരിധിയിൽ പരേതരുടെ പേരിൽ കൈപ്പറ്റിയത് ഏഴുലക്ഷത്തിലേറെ

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ സാമൂഹിക പെന്‍ഷന്‍ ഇനത്തില്‍ ‘പരേതര്‍’ വാങ്ങിയത് 7,48,200 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ മാത്രം പരേതര്‍ 6,61,000 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാതൃഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിധവാ പെന്‍ഷന്‍ 41,200 രൂപയും ‘പരേത’ വാങ്ങിയിട്ടുണ്ട്.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 39,600 രൂപയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ളത് 1,600 രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ളത് 4,800 രൂപയും ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍തുക തിരിച്ച് പിടിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു.

പെന്‍ഷണര്‍മാര്‍ മരിച്ച മാസംവരെയുള്ള കുടിശ്ശിക മാത്രമേ അവകാശികള്‍ക്ക് നല്‍കാന്‍ വ്യവസ്ഥയുള്ളൂവെങ്കിലും മരണത്തിനുശേഷം പെന്‍ഷന്‍ നല്‍കിയത് അനധികൃതമാണ്. പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മരിച്ച വിവരം യഥാസമയം ഡേറ്റാ ബേസില്‍നിന്ന് ഒഴിവാക്കാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് യഥാസമയം ഉറപ്പാക്കാത്തതിനാല്‍ അത്തരത്തില്‍ കൈമാറാന്‍ നീക്കിവെച്ച 24,79,000 രൂപ ഓഡിറ്റില്‍ തടഞ്ഞുവെച്ചിട്ടുമുണ്ട്.

© 2025 Live Kerala News. All Rights Reserved.