വിഴിഞ്ഞം തുറമുഖത്തേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കും പുതിയ ദേശീയ പാതകള്‍..

ന്യൂദല്‍ഹി: കേരളത്തിന് രണ്ട് ദേശീയ പാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തേയ്ക്കും കണ്ണൂര്‍ വിമാനത്താവളത്തിലേയ്ക്കുമായിരിക്കും പുതിയ പാതകള്‍. വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള പത തിരുവനന്തപുരം ബൈപ്പാസിലേക്ക് ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും നിര്‍മിക്കുക. കേരളം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് അനുസരിച്ച് നിര്‍മാണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിക്കും. ഓരോ മാസവും സമിതി ഇതിന്‍െറ പ്രവര്‍ത്തനം വിലയിരുത്തും. അധ്യക്ഷനുള്‍പ്പെടെ അഞ്ചുപേരായിരിക്കും സമിതിയില്‍ ഉണ്ടാകുന്നത്. റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ദേശീയ പാത വികസനം 45 മീറ്ററില്‍ തന്നെ നടത്താനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചു. പാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ നഗരപരിധികളില്‍ 1:4 എന്ന തോതിലും ഗ്രാമീണമേഖലകളില്‍ 1:2 എന്ന തോതിലും വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി

© 2025 Live Kerala News. All Rights Reserved.