
പുതുവൈപ്പിനില്‍ ഐഒസിയുടെ പാചക വാതക സംഭരണിക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച ഇന്ന്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സര്‍വകക്ഷിയോഗം. നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രൊപ്പോലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐഒസി പ്രതിനിധികള്‍ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുളളത്. സമരസമിതി പ്രതിനിധികളായി ചെയര്‍മാന്‍ കെ.ബി ജയഘോഷ്,കണ്‍വീനര്‍ കെ.എസ് മുരളി, മാഗ്‌ളിന്‍ ഫിലോമിന എന്നിവരാണ് പങ്കെടുക്കുന്നത്.
അതേസമയം പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ചെറിയ സംഘം നടത്തുന്ന സമരം കാരണം പ്രതിദിനം ഒരു കോടി രൂപ നഷ്ടമുണ്ടാവുന്നതായിട്ടാണ് ഐഒസിയുടെ പത്രക്കുറിപ്പ്. ദേശീയ ഹരിത ട്രിബ്യുണലും ഹൈക്കോടതിയും അനുമതി നല്‍കിയിട്ടും ഫെബ്രുവരി 16 മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ആവശ്യമായ എല്ലാ അനുമതികളും നേടിക്കൊണ്ട് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടത്തുന്നതെന്നും ഐഒസി പറയുന്നു.
പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എന്‍.ജി.ടി. അനുമതി നല്‍കിയതാണ്. ഈവര്‍ഷം ഏപ്രില്‍ 13ന് എന്‍.ജി.ടി.യുടെ ഉത്തരവില്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. മുഴുവന്‍സമയവും നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ഹൈക്കോടതിയും അനുമതി നല്‍കിയതാണ്. നിര്‍മാണം തടസ്സപ്പെടുത്തുകയോ അതിന് പ്രേരിപ്പിക്കുകയോ ഇല്ലെന്ന് സമരക്കാര്‍ എന്‍ജിടിയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 16 മുതല്‍ അവര്‍ തടസ്സമുണ്ടാക്കി വരികയാണെന്നും ഐഒസി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
പുതുവൈപ്പിലെ ടെര്‍മിനല്‍ വരുന്നതോടെ കേരളത്തിലെ എല്‍പിജി. സിലിണ്ടര്‍ വിതരണത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാകും. മംഗലാപുരത്തുനിന്ന് വടക്കന്‍ കേരളത്തിലെ വിവിധഭാഗങ്ങളിലേക്ക് ഇടുങ്ങിയ ഹൈവേകളിലൂടെ പ്രതിദിനം ഏതാണ്ട് നൂറ് ബുള്ളറ്റ് ട്രക്കുകളിലാണ് ഇന്ത്യന്‍ ഓയില്‍ എല്‍.പി.ജി. കൊണ്ടുപോകുന്നത്. പൈപ്പ് ലൈന്‍ വരുന്നതുവഴി ഇത്തരം ട്രക്കുകള്‍കൊണ്ടുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനുമാകും.
എണ്ണവ്യവസായ സുരക്ഷാ ഡയറക്ടറേറ്റിന്റെ (ഒ.ഐ.എസ്.ഡി.) നിബന്ധനകള്‍ പ്രകാരമുള്ള ഓട്ടോമാറ്റിക് അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതാണ് ടെര്‍മിനല്‍. കേന്ദ്രസര്‍ക്കാര്‍ 2006ല്‍ പ്രത്യേക സാമ്പത്തികമേഖലയായി വിജ്ഞാപനം ചെയ്ത സ്ഥലത്താണിത് നിര്‍മിക്കുന്നത്. പദ്ധതിയുടെ 690 മീറ്റര്‍ മാത്രമാണ് തീരദേശത്ത് വരുന്നത് എന്നതിനാല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് എല്‍.പി.ജി. പാചകവാതകം വിതരണംചെയ്യാനുള്ള ദേശീയപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും അധികൃതര്‍ പറയുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച ദിവസം തന്നെയാണ് സമരക്കാര്‍ മൂലം ദിനംപ്രതി ഒരു കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന ഐഒസിയുടെ പത്രക്കുറിപ്പും പുറത്ത് വരുന്നത്.