
ന്യൂഡൽഹി : സൈനിക ആയുധ സംഭരണത്തിനായി 79,000 കോടി രൂപയുടെ അനുമതി നൽകി കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലിന്റെ (ഡിഎസി) യോഗത്തിലാണ് പുതിയ ആയുധ സംഭരണ നിർദ്ദേശങ്ങൾ അംഗീകരിച്ചത്. ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള രണ്ടാമത്തെ പ്രധാന പ്രതിരോധസംഭരണ അനുമതിയാണിത്.
സൈന്യത്തിനായുള്ള നാഗ് മിസൈൽ സംവിധാനം, നാവികസേനയ്ക്കുള്ള ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്കുകൾ (എൽപിഡി) , വ്യോമസേനയ്ക്കുള്ള നൂതന ദീർഘദൂര ലക്ഷ്യ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ സൈന്യം പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്ന ആയുധങ്ങളിൽ ഉൾപ്പെടുന്നു. 30-mm നേവൽ സർഫേസ് ഗൺസ് (NSGs), അഡ്വാൻസ്ഡ് ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകൾ (ALWTs), ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാ-റെഡ് സെർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം, 76-mm സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടിനുള്ള സ്മാർട്ട് വെടിമരുന്ന് എന്നിവ വാങ്ങുന്നതിനും അനുമതി ലഭിച്ചു
ഭാരമേറിയ ഉപകരണങ്ങളും സൈന്യത്തെയും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഉഭയജീവി യുദ്ധക്കപ്പലുകളാണ് എൽപിഡികൾ. എൽപിഡികൾ വാങ്ങുന്നത് കരസേനയ്ക്കും വ്യോമസേനയ്ക്കുമൊപ്പം നാവികസേനയ്ക്ക് ഉഭയജീവി പ്രവർത്തനങ്ങൾ നടത്താൻ സഹായകമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇത് നാവികസേനയുടെ സമുദ്ര നിരീക്ഷണ ശേഷികളും വലിയ രീതിയിൽ മെച്ചപ്പെടുത്തും. നാഗ് മിസൈൽ സിസ്റ്റം എംകെ-II ശത്രു ടാങ്കുകൾ, ബങ്കറുകൾ, മറ്റ് ഉറപ്പുള്ള സ്ഥാനങ്ങൾ എന്നിവ നശിപ്പിക്കാൻ പ്രാപ്തമാണ്. ഇത് ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ പോലും എളുപ്പത്തിൽ വിന്യസിക്കാൻ കഴിയും.