കുമ്മനത്തിന്‍റെ മെട്രോ യാത്ര: വിവാദത്തിനില്ലെന്ന് രമേശ് ചെന്നിത്തല; ദുരൂഹമെന്ന് പിടി തോമസ്

കൊച്ചി മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതില്‍ വിവാദത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ ലംഘനമാണോ എന്ന് ചെയ്യുന്നവര്‍ പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെയോ മറ്റുളളതോ ആയ യാതൊരു ഔദ്യോഗിക പദവികളും ഇല്ലാത്ത കുമ്മനം രാജശേഖരന്‍ മെട്രോയുടെ കന്നിയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു
അതേസമയം കുമ്മനത്തിന്റെ മെട്രോ യാത്രയെ കോണ്‍ഗ്രസ് നേതാവ് പിടി തോമസ് വിമര്‍ശിച്ചു. മെട്രോയില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം കുമ്മനം യാത്ര ചെയ്തത് ദുരൂഹമാണെന്നും ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുമ്മനത്തിന്‍റെ യാത്രയെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. യാത്രയില്‍ കുമ്മനത്തെ ഉള്‍ക്കൊള്ളിച്ചത് ഗുരുതരമായ സുരക്ഷ പ്രശ്നമാണെന്നും ബിജെപി അധ്യക്ഷന്‍റെ നടപടി അല്‍പ്പത്തരമാണെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കന്നിയാത്രയില്‍ വളരെക്കുറച്ച് പേരെ മാത്രമെ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുത്തിയിരുന്നുളളു. ഇതിലാകട്ടെ പ്രതിപക്ഷ നേതാവോ, സംസ്ഥാനത്ത് നിന്നുളള മറ്റ് മന്ത്രിമാരോ ഇല്ലായിരുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മെട്രൊമാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരായിരുന്നു മെട്രൊയുടെ ആദ്യയാത്രയിലുണ്ടായിരുന്ന മറ്റുളളവര്‍. ഇവര്‍ക്കൊപ്പമാണ് സര്‍ക്കാരിന്റെയോ മറ്റുളളതോ ആയ യാതൊരു ഔദ്യോഗിക പദവികളും ഇല്ലാത്ത കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എയെയും മെട്രൊയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ നിന്നും ഒഴിവാക്കിയതായി നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുളള കുമ്മനത്തിന്റെ കടന്നുവരവ് വിവാദമാകുന്നതും.

© 2025 Live Kerala News. All Rights Reserved.