കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ചു; രണ്ടുമരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കാണാതായ ഒരു മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് പുറംകടലില്‍ വെച്ച് കപ്പല്‍ വന്നിടിക്കുന്നത്. പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണിത്. പുതുവൈപ്പ് കടലില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലത്തില്‍ വെച്ച് നടന്ന അപകടത്തില്‍ ബോട്ട് ഏകദേശം തകര്‍ന്നു. പനാമയില്‍ നിന്നുളള ചരക്ക് കപ്പലായ ആംബറാണ് ബോട്ടിനെ ഇടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കപ്പല്‍ നേവി അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 11 പേരും രക്ഷപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളായ തമ്പിദുരൈ, രാഹുല്‍, മോഡി എന്നിവരെയാണ് കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹമാണ് ഇപ്പോള്‍ ലഭിച്ചത്. കപ്പലുമായി കൂട്ടിയിടിച്ച് പരുക്കേറ്റവരില്‍ രണ്ടുപേരെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.