കോഴിക്കോട് സിപിഐ(എം) ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്; ഒരാള്‍ക്ക് പരുക്ക്; ജില്ലാ സെക്രട്ടറി പി മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: സിപിഐ(എം) കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിലേക്ക് ബോംബേറ്. ജില്ലാസെക്രട്ടറി പി മോഹനന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വെള്ളിയാഴ്ച്ച പുലര്‍ച്ചേ ഒന്നേകാലോടെയായിരുന്നു ആക്രമണം. സിഎച്ച് കണാരന്‍ മന്ദിരത്തിലേക്ക് അജ്ഞാതര്‍ സ്റ്റീല്‍ ബോംബെറിയുകയായിരുന്നു. ഓഫീസ് വരാന്തയില്‍ നില്‍ക്കുകയായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് സ്‌ഫോടനത്തില്‍ പരുക്കേറ്റു.
ജില്ലാ സെക്രട്ടറി പി മോഹനന്‍ യാത്രകഴിഞ്ഞെത്തി ഓഫീസിലേക്ക് കയറുന്ന സമയത്തായിരുന്നു ബോംബേറ്. രണ്ട് ബോംബുകളായിരുന്നു എറിഞ്ഞത്. പൊട്ടാതെ കിടന്ന ഒരു ബോംബ് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബോംബേറില്‍ നിന്ന് തലനാരിഴ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് പി മോഹനന്‍ പറഞ്ഞു. ബോംബെറിഞ്ഞ ശേഷം ഓഫീസീന് പിന്നിലേക്ക് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടതായും മോഹന്‍ കൂട്ടിച്ചേര്‍ത്തു. നഗരമധ്യത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളെജിന് സമീപത്താണ് സിപിഐ(എം) ജില്ലാക്കമ്മിറ്റി ഓഫീസ്.
വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.