
കൊച്ചി: ചേര്‍ത്തല- കഴക്കൂട്ടം പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതില്‍ സമ്മതിച്ചു. കുറ്റിപ്പുറം- കണ്ണൂര്‍ പാത സംബന്ധിച്ച് സംശയമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചേര്‍ത്തല- കഴക്കൂട്ടം ദേശീയപാതയില്‍ ബാറുകള്‍ തുറന്നിട്ടില്ല. ആശയകുഴപ്പമുണ്ടായ കുറ്റിപ്പുറം- കണ്ണൂര്‍ പാതയിലാണ് ബാറുകള്‍ തുറന്നത്. തുറന്ന 13 ബാറുകളും പൂട്ടിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആശയകുഴപ്പം പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് സഹായം തേടിയതായും കോടതിയെ ബോധിപ്പിച്ചു.
കോടതി ഉത്തരവ് പൂര്‍ണമായും വായിക്കാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ എക്‌സൈസ് ഡെപ്യൂട്ടീ കമ്മീഷണര്‍മാര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ‘മിടുക്കന്‍മാരാണ്’ ഇത്തരം ഉദ്യോഗസ്ഥരെന്നാണ് കോടതി പറഞ്ഞത്. വിധി പരിശോധിക്കാതെ ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് കമ്മീഷണര്‍മാരാണ് കോടതിയില്‍ ഹാജരാകേണ്ടത്.
പിഡബ്ല്യുഡി പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു. പൊതുമരാമത്ത് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും തുറന്ന മദ്യശാലകള്‍ അടച്ചെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ ദേശീയപാതയല്ലെന്ന വിജ്ഞാപനം കാണിച്ച് ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 മദ്യശാലകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുറന്നിരുന്നു. ഈ ബാറുകളാണ് അടച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കും. സുപ്രീംകോടതി വിധി സര്‍ക്കാര്‍ മറികടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.