‘പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല’; നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതെന്ന് ചന്ദ്രബോസിന്റെ മകന്‍

പിണറായി സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തിയാതായും ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു. നിസാമിന് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അമല്‍.

യുഡിഎഫിന്റെ കാലത്ത് നേര്‍ വഴിയില്‍ പോകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി പി ഉദയഭാനുവിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ യാതൊരു മറുപടിയും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല.. നിസാമിന് ശിക്ഷായിളവ് നല്‍കുമെന്ന വാര്‍ത്ത ഞങ്ങളെ ഭയപ്പെടുത്തി. ഇപ്പോള്‍ കുടുംബത്തിനാകെ ഭയമാണ്.
ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്

മുഹമ്മദ് നിസാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. യാദൃശ്ചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ അടച്ചിരിക്കുകയാണെന്ന നിലയിലായിരുന്നു യോഗം. ഇത് നിസാമിന് പരോള്‍ ലഭിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദതന്ത്രമാണെന്ന ആരോപണം ഉയരുന്നുണ്ട്.
തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഢംബര കാറിടിച്ച് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ് നിസാം.

© 2025 Live Kerala News. All Rights Reserved.