കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല: ജി സുധാകരന്‍; ആശയകുഴപ്പത്തിന് പരിഹാരം കാണേണ്ടത് കോടതി തന്നെ

കേരളത്തിലേത് ദേശീയപാതകള്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയമൊന്നുമില്ലെന്നും പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. സുപ്രീം കോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുളളതുമായ ബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും തുറക്കാന്‍ വഴിയൊരുങ്ങി.

2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. ആ പഴുതാണ് ബാറുടമകള്‍ കോടതിയില്‍ ഉപയോഗപ്പെടുത്തിയതും.

© 2025 Live Kerala News. All Rights Reserved.