കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവ്: എട്ടിന് പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഈ മാസം എട്ടിന് ചേരും. കേന്ദ്ര ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കും. ബദല്‍ നിയമനിര്‍മ്മാണവും സഭ ചര്‍ച്ച ചെയ്യും. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിയമസഭ ചേരാന്‍ തീരുമാനമെടുത്തത്.
കശാപ്പിനായി കന്നുകാലികളെ കാലിചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ ശക്തമായി പേതിഷേധിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ വില്‍ക്കാനും വാങ്ങാനും പാടൂ എന്നാണ് കേന്ദ്ര വിഞ്ജാപനം. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുളളില്‍ മറിച്ച് വില്‍ക്കാനും സാധിക്കില്ല.
കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.