മദ്യശാലകള്‍ക്ക് ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട; ഇടത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല. പഞ്ചായത്തിന്റെ എന്‍ഒസി ആവശ്യമില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു.
പ്രതിപക്ഷം ഓര്‍ഡിന്‍സിനെതിരെ രംഗത്തെത്തിയിരുന്നു. അധികാരവികേന്ദ്രീകരണത്തില്‍ സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഓര്‍ഡിന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ഓര്‍ഡിനന്‍സിനെതിരായി ഗവര്‍ണറെ കാണാനിരിക്കെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന് പലപ്പോഴും സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയ ഓര്‍ഡിന്‍സ് പിണറായി സര്‍ക്കാര്‍ കൊണ്ടു വന്നത്.

മദ്യ മുതലാളിമാരേയും ബാര്‍ ഉടമകളേയും സഹായിക്കാനാണ് ഇടത് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

© 2025 Live Kerala News. All Rights Reserved.