സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; മന്ത്രി മണിക്കെതിരെ യുഡിഎഫ് ഹൈക്കോടതിയിലേക്ക്; സഭ സ്തംഭിപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല

നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങിയിരുന്നു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഉളളതിനാല്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടര്‍ന്ന് വ്യക്തമാക്കി.
മന്ത്രി എം.എം മണിക്കെതിരായ ബഹിഷ്‌കരണം തുടരുമെന്നും അദ്ദേഹവുമായി ഒരു പരിപാടിയിലും സഹകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്നുചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്ത്രി മണിയുടെ പ്രസ്താവനയ്ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമായി.

പി.ടി തോമസ് എംഎല്‍എ ആയിരിക്കും ഹൈക്കോടതിയെ സമീപിക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നതും ഉയര്‍ത്തിക്കാട്ടിയാകും ഹര്‍ജി നല്‍കുക. യുഡിഎഫ് കേസില്‍ കക്ഷി ചേരാനും തീരുമാനിച്ചു.

© 2025 Live Kerala News. All Rights Reserved.