തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മാവേലിക്കര: കണ്ടിയൂരില്‍ തൊണ്ണൂറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കണ്ടിയൂര്‍ കുരുവിക്കാട് കോളനിയില്‍ ഗിരീഷ്(23) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച അര്‍ധരാത്രിയോടെ വയോധികയുടെ വീടിനുള്ളില്‍ കടന്നുകയറിയായിരുന്നു പീഡനം. ഇവരുടെ മകള്‍ ഉത്സവം കാണാന്‍പോയി രാവിലെ മടങ്ങിയെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച മൊബൈല്‍ ഫോണാണ് കേസിന് തുമ്പായത്. ഇതുകേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തില്‍ നാടുവിടാന്‍ പദ്ധതിയിട്ടിരുന്ന ഗിരീഷ് പോലീസിന്റെ വലയിലായി. ഫോണ്‍ സുഹൃത്തിന്റേതാണെന്ന് പ്രതി ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഫോണിന്റെ ഉടമയായ ഗിരീഷാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പ്രതി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. കെ.ആര്‍. ശിവസുതന്‍പിള്ള പറഞ്ഞു.ഗിരീഷിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. പീഡനത്തിനിരയായ വയോധിക മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

© 2025 Live Kerala News. All Rights Reserved.