ഫോണ്‍ കെണി; ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്;കേസ് രജിസ്റ്റര്‍ ചെയ്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം; ഐടി ആക്റ്റും ഗൂഢാലോചനാക്കുറ്റവും ചുമത്തി

തിരുവനന്തപുരം: ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം 9 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്.ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയര്‍ന്നിരുന്നുഎന്നാല്‍ മാര്‍ച്ച് 30ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാര്‍ കുറ്റസമ്മതം നടത്തിയിരുന്നു.മുതിര്‍ന്ന എട്ടു മാധ്യമപ്രവര്‍ത്തരടങ്ങിയ ടീമാണ് കൃത്യം നടത്തിയത്. ഈ നടപടി തെറ്റായിപ്പോയി അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നു ചാനല്‍ സി.ഇ.ഒ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് ചാനലിനെതിരെ കേസെടുത്തത്.

© 2025 Live Kerala News. All Rights Reserved.