പി. കൃഷ്ണദാസിന് ജാമ്യം;അറസ്റ്റ് നിയപരമല്ല; അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണം; കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നും ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെ ഉടന്‍ തന്നെ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.കൃഷ്ണദാസിന്റെ അറസ്റ്റ് നിയപരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അറസ്റ്റിനുശേഷമാണ് ജാമ്യം ലഭിക്കാതിരിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്തതെന്നു പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ജാമ്യം ലഭിക്കാതിരിക്കാനായി അന്വേഷണ ഉദ്യേഗസ്ഥന്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചെന്നും കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി. ജാമ്യം ലഭിക്കാതിരിക്കാനായി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുന്നത് വൈകിപ്പിച്ചെന്നും എന്തിനാണ് അറസ്റ്റെന്നു വരെ കേസ് ഡയറിയില്‍ ഉണ്ടായില്ലെന്നും കോടതി പറഞ്ഞു.ലക്കിടി ജവഹര്‍ ലോ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് ജാമ്യം.

© 2025 Live Kerala News. All Rights Reserved.